സാമ്പത്തിക ഉറവിടം ഗൾഫ്, പണമുണ്ടാക്കുന്നത് റിയൽ എസ്റ്റേറ്റിൽ, നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള രണ്ട് സംഘടനകളെ കൂടി തിരിച്ചറിഞ്ഞു
കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം പ്രധാനമായും ഗൾഫ് രാജ്യങ്ങളാണെന്ന് എൻ ഐ എയുടെ കണ്ടെത്തൽ. ഇവിടെ വിവിധ വഴികളിലൂടെയാണ് പണം സമ്പാദിക്കുന്നത്. ഈ പണം എൻആർഐ അക്കൗണ്ടുള്ള അംഗങ്ങൾ വഴി നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് അയക്കും. ഇത്തരത്തിൽ വരുന്ന പണം പിന്നീട് നേതാക്കളുടെ കൈയിലേക്കെത്തും. ഇതിന് പുറമേ ഗൾഫ് രാജ്യങ്ങളിൽ വിവിധ സംഘടനകൾ രൂപീകരിച്ച് അതിൽ അംഗത്വ ഫീസ് എന്ന രീതിയിലും പണം സ്വരൂപിക്കുന്നുണ്ട്. കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പിഎഫ്ഐ സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഒമാനിലും രണ്ട് ഫോറം ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അംഗങ്ങളിൽ നിന്നും വാർഷിക ഫീസായി പണം വാങ്ങുകയായണ് രീതി.നാട്ടിലുള്ളവർക്കായി സഹായം എന്ന പേരിൽ സ്വരൂപിച്ച പണവും നേതാക്കളിലേക്ക് എത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സിറിയയിൽ കാറുകൾ തീവ്രവാദികൾക്ക് മറിച്ച് വിറ്റു ലഭിച്ച തുകയും ഇന്ത്യയിലേക്ക് അയച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് മറ്റ് സമുദായ നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഉന്നമിടേണ്ടവരുടെ പട്ടിക (ഹിറ്റ് ലിസ്റ്റ് ) തയ്യാറാക്കാൻ പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണസംഘം എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് ബോധിപ്പിച്ചത്.രാജ്യവ്യാപകമായി എൻ. ഐ. എ നടത്തിയ റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ കരമന അഷറഫ് മൗലവിയടക്കമുള്ള 14 പേരുടെ റിമാൻഡ് നീട്ടാൻ നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒറ്റ ഫോൺ കോളിൽ സമുദായത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരാണ് പ്രതികൾ. ഈ സ്വാധീനത്തിൽ പ്രതികൾ ഈ വിഭാഗത്തെ സർക്കാരിന്റെ നയങ്ങളെയും നിയമപരമായ പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ രംഗത്തിറക്കിയിരുന്നു. സെപ്തംബർ 23ലെ ഹർത്താലിൽ സംസ്ഥാനവ്യാപകമായി അക്രമങ്ങൾ അരങ്ങേറിയത് ഇതിന്റെ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.