ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം മാദ്ധ്യമസൃഷ്ടി, പി ബിയിൽ ചർച്ചചെയ്യില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ റിസോർട്ട് വിവാദം മാദ്ധ്യമസൃഷ്ടിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി ബിയിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ചർച്ചയുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. റിസോർട്ട് വിവാദത്തിൽ ആദ്യമായാണ് എം വി ഗോവിന്ദൻ പ്രതികരിക്കുന്നത്. അതേസമയം, കേരളത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളും പി ബിയിൽ ചർച്ചചെയ്യുമെന്നാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.വിവാദത്തിൽ എം വി ഗോവിന്ദൻ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചിരുന്നു. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമല്ലെന്നും എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ എം വി ഗോവിന്ദന്റെ പ്രതികരണമെത്തുന്നത്.ഇത് ഗുരുതരമായ അഴിമതിയാണെന്നും അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 30ന് എറണാകുളത്തുവച്ച് യു ഡി എഫ് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ വിശദമായി വിഷയം ചർച്ചചെയ്യും. ക്രിസ്മസ് ദിനം ഇതുപോലെയൊരു മോശം കാര്യത്തെക്കുറിച്ച് സംസാരിക്കണ്ടെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചുവച്ചുവെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു.അതേസമയം, കണ്ണൂരിൽ നടന്ന കെ എസ് ടി എ പരിപാടിയിൽ പങ്കെടുത്ത ഇ പി ജയരാജൻ വിവാദ വിഷയത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ചിരി മാത്രമായിരുന്നു മറുപടിയായി നൽകിയത്. പാർട്ടിയുടെയും ഭരണത്തിന്റെയും നേട്ടങ്ങൾ മാത്രമായിരുന്നു ഇ പി പ്രസംഗത്തിൽ എണ്ണിയെണ്ണി പറഞ്ഞത്.