കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള് ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ഓട്ടോഡ്രൈവര്‍ മൗവ്വാര്‍ ഗൗരിയടുക്ക കയ്യാലമൂലയിലെ ഭാസ്ക്കരനെ(48) യാണ് ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് കാസര്‍കോട് വനിതാ സി ഐ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ്ഇ യാളെ അറസ്റ്റു ചെയ്തത്.
2019 ജൂണ്‍ മുതല്‍ 2020 ജനുവരി 21 വരെയുള്ള കാലയളവില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഭാസ്ക്കരനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഓട്ടോ റിക്ഷയിലാണ് കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്നത്. ഓട്ടോയാത്രക്കിടെ കുട്ടിയെ ഭാസ്ക്കരന്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം കുട്ടി ഇത്രയും നാള് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടി ഭാസ്ക്കരന്‍ തന്നെ ഉപദ്രവിച്ച കാര്യം വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2003ല്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയായകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഭാസ്ക്കരനെ 2011 ല്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു.