കാസര്‍കോട്ടെ കൂട്ടബലാത്സംഗം; ഇതുവരെ അറസ്റ്റിലായത് 10 പ്രതികള്‍
കാസര്‍കോട്: പത്തൊന്‍പതുകാരിയെ ലഹരിമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയും ഇടനിലക്കാരിയുമായ എന്മകജെ കുടുവാവീട്ടിലെ ബീഫാത്തിമ (42), ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന് കുഞ്ഞി(29), മാങ്ങാട് ബാര ആര്യടുക്കത്തെ എന്‍. മുനീര്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കാസര്‍കോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും.