മലദ്വാരങ്ങൾ കസ്റ്റംസിന് സ്വർണ്ണഖനികൾ ആകുന്നു;
അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ; ഉപേക്ഷിച്ച നിലയിൽ 856 ഗ്രാം സ്വർണ്ണം ശൗചാലയത്തിൽ,വിമാനത്താവളങ്ങൾ സ്വർണക്കടത്ത് കേന്ദ്രമാകുമ്പോൾ.
കണ്ണൂർ: ഒരു ഇടവേളക്ക് ശേഷം മലദ്വാരത്തിലൂടെ സ്വർണ്ണം കടത്തുന്നത് വ്യാപകമാകുന്നു. കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപ വിലവരുന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ജില്ലയിലെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് എന്ന യുവാവാണ് കസ്റ്റംസിന്റെ പിടിയിലായത്.
ദുബൈയിൽ നിന്ന് ഗോ എയർ വിമാനത്തിൽ കണ്ണൂരിലെത്തിയ അർശാദിൽ നിന്ന് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ചെകിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ ദേഹ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
അതേസമയം വിമാനത്താവളത്തിന്റെ അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ശൗചാലയത്തിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം തൂക്കമുള്ള സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇതിന് 39,77,190 രൂപ വിലവരും. പരിശോധന ഭയന്ന് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സ്വർണ്ണക്കടത്ത് വ്യാപകമായത് സാധാരണ യാത്രക്കാരെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കണ്ണൂർ സമീപത്തുള്ള ഒരു ആസ്പത്രിയിലാണ് കള്ളക്കടത്ത് നടത്തപ്പെടുന്നു എന്ന സംശയത്തിന്റെ പേരിൽ പിടികൂടുന്ന ആളുകളെ സ്കാനിങ് ചെയ്യാൻ എത്തിക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ അബദ്ധത്തിൽ പിടികൂടിയ കാസർകോട് പട്ല സ്വദേശിയായ യുവാവ് പറയുന്നത് ഇങ്ങനെ.
തന്നെ സ്വർണം ഉണ്ടെന്നു കരുതി കസ്റ്റംസ് പിടികൂടിയിരുന്നു. താൻ കള്ളക്കടത്തുകാരൻ അല്ലെന്നും ജീവിതത്തിൽ ഒരുതരി സ്വർണ്ണം പോലും വിദേശത്തുനിന്ന് കൊണ്ടുവന്നിട്ടില്ല എന്ന് പറഞ്ഞിട്ടും കസ്റ്റംസിന്റെ സംശയം മാറിയിരുന്നില്ല. തുടർന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. അവിടെ സ്കാൻ ചെയ്യുന്ന ഡോക്ടർ കസ്റ്റംസിനോട് ചോദിച്ചത് എത്ര പേരെ സ്കാൻ ചെയ്യാൻ ഉണ്ടെന്നാണ്. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു ദിവസം ഒരുപാട് പേരെ ഇത്തരത്തിൽ സ്കാനിങ്ങിന് വിധേയമാക്കുന്നുണ്ട് എന്നാണ്. തന്നെ സ്കാനിങ് ചെയ്തതിനുശേഷം സ്വർണമില്ലെന്ന് തിരിച്ചറിയും വിട്ടേക്കുകയായിരുന്നു. തന്നെ പോലുള്ള സാധാരണ യാത്രക്കാരെ ഇത്തരം കള്ളക്കടത്തുകാരുടെ ചെയ്തികൾ മൂലം പ്രതിസന്ധിയിൽ ആവുകയാണെന്നും എയർപോർട്ടുകൾ കേന്ദ്രീകരിച്ച് തന്നെ മികച്ച പരിശോധന സംവിധാനം ഒരുക്കണമെന്നാണ് ഇയാൾ അഭ്യർത്ഥിച്ചത്. ഡെപ്യൂടി കമീഷണർ സിവി ജയകാന്ത്, അസിസ്റ്റന്റ് കമീഷണർ ഇവി ശിവരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.