പ്രണയബന്ധത്തെച്ചൊല്ലി തർക്കം; സഹോദരൻ 22കാരിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ടു, കേസിൽ വഴിത്തിരിവായത് അജ്ഞാതന്റെ വാക്കുകൾ
ലക്നൗ: പ്രണയബന്ധത്തിന്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ടു. ഉത്തർപ്രദേശ് പാർലി ഗ്രാമത്തിലെ ശിവാനി സിംഗാണ് (22) കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. കൊലക്കുറ്റത്തിന് സഹോദരൻ ഹിമാൻഷു സിംഗ് അറസ്റ്റിലായി.അഞ്ചുവർഷം മുൻപ് ഇരുവരുടെയും മാതാപിതാക്കൾ മരിച്ചിരുന്നു. ഇതിന് ശേഷം ഹിമാൻഷുവും ശിവാനിയും മാത്രമായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്. പ്രദേശവാസിയായ ഒരു യുവാവുമായി ശിവാനി പ്രണയത്തിലായിരുന്നു. എന്നാൽ ഹിമാൻഷു ബന്ധത്തെ എതിർത്തിരുന്നെങ്കിലും യുവതി ചെവികൊണ്ടിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. മാത്രമല്ല ഹിമാൻഷുവിന്റെ മദ്യപാനത്തിന്റെ പേരിലും ഇരുവരും വഴക്ക് കൂടിയിരുന്നു.സംഭവദിവസം കാമുകനെ കാണുന്നതിനായി ശിവാനി പോയതിന്റെ പേരിൽ ഹിമാൻഷുവുമായി വാക്കുതർക്കം ഉണ്ടായി. ഇതിനിടെ ഹിമാൻഷു സഹോദരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വീട്ടിലെ അടുക്കളയിൽ കുഴിച്ചിടുകയും ചെയ്തു.കഴിഞ്ഞ ഞായറാഴ്ച കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു അജ്ഞാത കോൾ ലഭിച്ചതായി പൊലീസ് പറയുന്നു. പ്രദേശത്ത് ഒരു കൊലപാതകം നടന്നുവെന്നും ദുരഭിമാനകൊലയാണെന്നും അജ്ഞാതൻ അറിയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് എത്തുകയും ഹിമാൻഷുവിനെ ചോദ്യം ചെയ്യുകയുമായിരുന്നു.പൊലീസിനെ കണ്ട ഹിമാൻഷു ഭയന്നു. സഹോദരിയെക്കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിൽ പോയെന്നായിരുന്നു ഹിമാൻഷുവിന്റെ മറുപടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ‘സഹോദരി കാമുകനെ കാണുന്നത് തനിക്കിഷ്ടമില്ലായിരുന്നു. അവൾ അവനെ സ്നേഹിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ടാണ് അവളുടെ ഷാൾ ഉപയോഗിച്ചുതന്നെ കൊലപ്പെടുത്തിയത്’- ഹിമാൻഷു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഹിമാൻഷുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ശിവാനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനായി അയച്ചു