വിളവൂർക്കലിൽ ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസ്; സി പി എമ്മിൽ കൂട്ടനടപടി
തിരുവനന്തപുരം: വിളവൂർക്കലിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ടനടപടി. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ താക്കീത് നൽകി സ്ഥാനത്ത് നിന്നും നീക്കി. ലോക്കൽ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും താക്കീത് നൽകിയിട്ടുണ്ട്.പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ജിനേഷിന്റെ കാര്യത്തിൽ മതിയായ ജാഗ്രത പുലർത്താത്തതിലാണ് പാർട്ടിയിലെ കൂട്ടനടപടി. അതേസമയം, ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ മാറ്റിയത് ബാങ്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിനാലാണെന്നാണ് പാർട്ടി വിശദീകരണം.’കഞ്ചാവ് ബോയ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് പ്രതികളും പെൺകുട്ടിയെ പീഡിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു എട്ടംഗ സംഘം രണ്ട് വർഷത്തോളം പീഡിപ്പിച്ചത്. പെൺകുട്ടിയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈൽ ഫോണിലും പകർത്തിയിരുന്നു.ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന ജിനേഷ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും തെളിവില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിവാഹിതരായ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്റെ മൊബൈലിലുണ്ട്. ആർക്കും പരാതിയില്ലാത്തതിനാൽ ഇതിനും കേസെടുത്തില്ല. ബർത്ത്ഡേ കേക്ക് മാരകായുധം ഉപയോഗിച്ച് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.