നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ;
ബംഗളൂരിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചപ്പോഴാണ്കൊണാജെ പോലീസിന്റെ പിടിയിലകപ്പെട്ടത്.
മംഗ്ളുറു: ബെംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കർണാടക അതിർത്തിയിലെ ചേലൂർ ചെക്പോസ്റ്റിൽ വെച്ച് കൊണാജെ പൊലീസ് പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗഫൽ (24), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ബാദുഷ (37), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീർ എം (24) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ബാദുഷ കാസർകോട് കുമ്പള മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതിയാണ്.
ബെംഗ്ളൂറിൽ നിന്ന് ഉപ്പിനങ്ങാടി, മേൽക്കർ, ബോളിയാർ റോഡ് വഴി കേരളത്തിലേക്ക് ആൾടോ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. 3,19,000 രൂപ വിലമതിക്കുന്ന 32,195 കിലോ കഞ്ചാവ്, മയക്കുമരുന്ന് വാങ്ങാനും വിൽക്കാനും ഉപയോഗിച്ച 13,000 രൂപയുടെ മൊബൈൽ ഫോൺ, രണ്ട് ട്രാവൽ ബാഗുകൾ, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൂന്ന് ലക്ഷം രൂപയുടെ ആൾടോ കാർ എന്നിവയടക്കം മൊത്തം 6,32,000 രൂപ വിലമതിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തതായി കൊണാജെ പൊലീസ് അറിയിച്ചു.
അസിസ്റ്റന്റ് പൊലീസ് കമീഷണർ ദിനകർ ഷെട്ടിയുടെ മേൽനോട്ടത്തിൽ കൊണാജെ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ദേവാഡിഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.