പണമുണ്ടാക്കാൻ സ്വന്തം ചേച്ചിയുടെ നഗ്ന വീഡിയോ പകർത്തി പെൺകുട്ടി കാമുകന് കൈമാറി, പെൺകുട്ടിയും അയൽക്കാരനും പിടിയിൽ
ന്യൂഡൽഹി : പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിർത്തുന്നതിനുമായി പെൺകുട്ടി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയൽവാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച് സഹോദരിയെ ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു യുവാവിന്റെ പദ്ധതി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 15നാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്.ഒരു അജ്ഞാത വാട്സാപ്പ് നമ്പരിൽ നിന്നുമാണ് പെൺകുട്ടിക്ക് തന്റെ നഗ്നവീഡിയോ ലഭിച്ചത്. 20,000 രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പിന്നാലെ ഭീഷണി സന്ദേശമെത്തിയത്. പണം തന്നില്ലെങ്കിൽ വീഡിയോ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ വീഡിയോ പെൺകുട്ടിയുടെ മൊബൈലിലേക്ക് അയച്ചത് ദേവരാജ് എന്നയാളാണെന്ന് കണ്ടെത്തി. ഇയാൾ പെൺകുട്ടിയുടെ അയൽവാസിയായിരുന്നു. എന്നാൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇരയുടെ ഇളയ സഹോദരിയാണ് വീഡിയോ രഹസ്യമായി പകർത്തി കൈമാറിയതെന്ന് തെളിഞ്ഞു. ഈ പെൺകുട്ടിയും യുവാവും തമ്മിൽ ബന്ധമുണ്ടെന്നും കണ്ടെത്തി. ഈ ബന്ധത്തെ ഇരയായ പെൺകുട്ടി എതിർത്തിരുന്നു.അതേസമയം അഹമ്മദാബാദിലും മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മെല്ജിഭായ് വഗേല എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.മകളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനാണ് മെല്ജിഭായ് വഗേല പെൺകുട്ടിയുടെ സഹപാഠിയായ 15കാരന്റെ വീട്ടിലെത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും അനന്തരവനും ഒപ്പമുണ്ടായിരുന്നു. തുടർന്ന് വിഷയം സംസാരിക്കുന്നതിനിടെ പ്രതിയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും അവർ സംഘം ചേർന്ന് മെല്ജിഭായിയെ മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെല്ജിഭായ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.