കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 15പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
വടകര: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ആറ് മണിയോടെ വടകര പാലോളിപാലത്ത് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. കണ്ണൂരിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ നില ഗുരുതരമെന്നാണ് വിവരം.പാലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ വടകര ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.