ക്രിസ്തുമസ് ദിനത്തിൽ ആവശ്യപ്പെട്ടതിലും കൂടുതൽ നൽകി അടൂരിലെ എ ടി എം! കോൺഗ്രസ് നേതാവ് അറിയിച്ചതോടെ ഷട്ടറിട്ട് ബാങ്ക് അധികൃതർ
അടൂർ : എ.ടി.എമ്മിൽ ആവശ്യപ്പെടുന്ന തുകയേക്കാൾ അധികമായി നൽകികൊണ്ടിരുന്ന പണത്തിന്റെ വിവരം ബാങ്ക് അധികൃതരെ അറിയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനു തൈയ്യിൽ. സെൻട്രൽ ജംഗ്ഷന് തെക്കുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി എട്ടിന് മനുതയ്യിൽ 500 രൂപ പിൻവലിച്ചപ്പോൾ ലഭിച്ചതാകട്ടെ 700 രൂപ. രാവിലെ ബാങ്ക് തുറന്നപ്പോൾ തന്നെ തനിക്ക് അധികമായി ലഭിച്ച തുക ബാങ്ക് മാനേജർ ഇൻ ചാർജ്ജിനെ തിരികെ ഏൽപ്പിച്ചു. ഇതോടെ ബാങ്ക് അധികൃതർ എ.ടി.എം കൗണ്ടർ അടച്ചിട്ടിട്ട് മേലധികാരികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ തുക നഷ്ടപ്പെട്ടതായും ബാങ്കുകാർക്ക് സംശയമുണ്ട്.