ദോഹ: ഖത്തറിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മഹാത്മാ ഗാന്ധി വധത്തിലെ ഗൂഢാലോചനയിൽ പങ്കാളിയെന്ന് കണ്ടെത്തിയ ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറുടെ പുസ്തകം വിതരണം ചെയ്ത് ഇന്ത്യൻ എംബസി.വെസ്റ്റ്ബേയിലെ ഇന്ത്യൻ എംബസി പരിസരത്ത് നടന്ന എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനാചരണ പരിപാടിക്ക് ശേഷമായിരുന്നു പുസ്തക വിതരണം. സവർക്കറെക്കുറിച്ചുള്ള അമർചിത്രകഥയാണ് കഴിഞ്ഞ ദിവസം കുട്ടികൾക്കു വിതരണം ചെയ്തത്. ഖത്തറിലെ ഇന്ത്യൻ അംബാസിഡറും വിവിധ കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് സവർക്കറെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തത്. ചടങ്ങിൽ ദേശഭക്തി ഗാനവും ദേശീയഗാനവും അവതരിപ്പിക്കാനെത്തിയ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കാണ് പുസ്തകം കൈമാറിയത്. ഒരു ഭാഗത്ത് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ചിത്രവും വിലാസവും മറു ഭാഗത്ത് മെയ്ക് ഇൻ ഇന്ത്യാ എന്നും രേഖപ്പെടുത്തിയ കവറിലാണ് പുസ്തകങ്ങൾ ലഭിച്ചതെന്നണ് കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത് . പലരും ഇത് വീട്ടിൽ വച്ച് കീറിയെറിഞ്ഞു നശിപ്പിച്ചെന്നു വ്യക്തമാക്കി ‘വീർ സവർക്കർ, ദി ഫൗട്ട് ഫോർ ഹ്യൂമൻ ഡിഗ്നിറ്റി ആന്റ് ഫ്രീഡം’ എന്നതാണ് പുസ്തകത്തിന്റെ പേര്. അതേസമയം കുട്ടികൾക്ക് നൽകാൻ ഡൽഹിയിൽ നിന്ന് ഓർഡർ ചെയ്ത പുസ്തകങ്ങളിൽ ചിലതുമാത്രമാണ് എത്തിയതെന്നും തികയാതെ വ്ന്നപ്പോൾ ഉണ്ടായിരുന്ന ചില പുസ്തകങ്ങൾ കൈമാറുകയായിരുന്നുവെന്നുമാണ് എംബസി അധികൃതരുടെ വിശദീകരണം