അറുപതിനായിരം കിട്ടുമെന്ന് അറിഞ്ഞപ്പോൾ റിസ്കിന്റെ കാര്യമൊന്നും ഷഹല നോക്കിയില്ല, പക്ഷേ പിടി വീണു
കൊണ്ടോട്ടി : അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് ഒരു കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ച 19കാരിയെ കരിപ്പൂരിൽ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടി. ദുബായിൽ നിന്നും കോഴിക്കോട്ടെത്തി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസർകോട് സ്വദേശി ഷഹലയെയാണ് (19) 1884 ഗ്രാം സ്വർണ്ണവുമായി പൊലീസ് പിടികൂടിയത്.
സ്വർണ്ണം മിശ്രിതരൂപത്തിൽ മൂന്ന് പാക്കറ്റുകളിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 25ന് രാത്രി 10.20ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പതറാതിരുന്ന യുവതിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.
ദുബായിലുള്ള പിതാവിനെ കാണാൻ വിസിറ്റിംഗ് വിസയിൽ പോയപ്പോഴാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ഇടനിലക്കാർ ബന്ധപ്പെട്ടതെന്നാണ് യുവതിയുടെ മൊഴി. 60,000 മുതൽ ഒരുലക്ഷം രൂപവരെ നൽകാമെന്നായിരുന്നു വാഗ്ദാനം. നാട്ടിലേക്കുള്ള വിമാനടിക്കറ്റും സംഘം എടുത്തുകൊടുത്തു. കാരിയറാവുന്ന വിവരം ഭർത്താവിനുമറിയാമായിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തിയാൽ വാട്സാപ്പിൽ ഫോൺചെയ്യണമെന്നും ആളെത്തുമ്പോൾ സ്വർണ്ണം കൈമാറണമെന്നുമായിരുന്നു നിർദ്ദേശം. സ്ത്രീകളെ പിടികൂടില്ലെന്നും മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാവരുതെന്നും സംഘം യുവതിയോട് പറഞ്ഞിരുന്നു.
സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് നൽകും.