മാസ്ക് നിർബന്ധം, ആഘോഷങ്ങൾ പുലർച്ചെ ഒന്നുവരെ, കുട്ടികളും മുതിർന്നവരും ആൾക്കൂട്ടത്തിൽ പോകരുത്, പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണവുമായി കർണാടക
ബംഗളൂരു: വിദേശരാജ്യങ്ങളിൽ കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കണം. റെസ്റ്റോറന്റുകൾ, പബുകൾ, തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയയിടങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് കർണാടക സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. .നിലവിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. പുതുവത്സരാഘോഷത്തിൽ ആളുകൾ തടിച്ചുകൂടുന്നത് മുൻകൂട്ടിക്കണ്ടാണ് നടപടി.ന്യൂ ഇയർ ആഘോഷത്തിന് സമയപരിധി ഏർപ്പെടുത്തി. ആഘോഷങ്ങൾ രാത്രി ഒരുമണിവരെ മാത്രമേ പാടുള്ളൂ. ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ, ആരോഗ്യപ്രശ്നം ഉള്ളവർ എന്നിവർ ആൾക്കൂട്ടത്തിൽ പോകരുത്. അടഞ്ഞുകിടക്കുന്ന മുറികളിൽ നടത്തുന്ന പരിപാടികളിൽ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്.മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്നും സർക്കാരിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.