ഒരു മുഴം മുന്നേ കോൺഗ്രസ്, 3 സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കം; നിരീക്ഷകരെ പ്രഖ്യാപിച്ചു, ബെന്നി ബഹ്നാനും ചുമതല
ഡൽഹി : മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. കേരളത്തിൽ നിന്ന് ബെന്നി ബഹ്നാൻ എം പിക്കും തെരഞ്ഞെടുപ്പിൽ എ ഐ സി സി നേതൃത്വം ചുമതല നൽകിയിട്ടുണ്ട്. മേഘാലയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയാണ് ബെന്നി ബഹ്നാനെ ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്.