ജയരാജൻ വിഷയം ചർച്ചയാകുമോയെന്ന് ചോദ്യം, തണുപ്പ് എങ്ങനെയുണ്ടെന്ന് മറുചോദ്യം നൽകി മുഖ്യമന്ത്രി
ന്യൂഡൽഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് ”തണുപ്പ് എങ്ങനെയുണ്ട്” എന്ന മറുചോദ്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.നാളെ രാവിലെ 11 മണിക്ക് എകെജി ഭവനിൽ ചേരുന്ന പിബി യോഗത്തിൽ ഇ.പി ജയരാജൻ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. വയനാട്ടിലെ റിസോർട്ട് ബന്ധത്തിന്റെ പേരിൽ ഇ.പിക്കെതിരെ ആരോപണവുമായി എത്തിയത് പി.ജയരാജനാണ്. ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നുമായിരുന്നു പി. ജയരാജന്റെ ആരോപണം.ഇതിനെ തുടർന്ന് പി. ജയരാജനെതിരെ ക്വട്ടേഷൻ-ഗുണ്ടാബന്ധങ്ങൾ ആരോപിച്ച് നിരവധി പരാതികൾ ഉയർന്നു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.