19കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്, ഇടനിലക്കാരി ബീഫാത്തിമ അറസ്റ്റിൽ.
കാസര്‍കോട്: 19കാരിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനരയാക്കിയെന്ന കേസില്‍ ഇടനിലക്കാരിയായ ഒരു യുവതി കൂടി അറസ്റ്റിലായി. പീഡനത്തിനായി പെണ്‍കുട്ടിയെ ഇടനിലക്കാരി കാഴ്ചവെച്ചുവെന്ന് സംശയിക്കുന്ന രണ്ട്പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ ബിഫാത്വിമ (42) ആണ് അറസ്റ്റിലായത്.
ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്വിമ പീഡനത്തിനായി പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട് വനിതാ സെലില്‍ നിന്നും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റ് ആണ് ബീഫാത്വിമയുടേത്.
നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ സ്ഥിരം താമസക്കാരിയായിരുന്ന ബീഫാത്വിമ സെക്സ് റാകറ്റിലെ പ്രധാന ഇടനിലക്കാരികളില്‍ ഒരാളാണെന്ന് സ്ഥിരീകരിച്ചതായി
ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇവര്‍ 19കാരിയെ കൂടാതെ നിരവധി പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മറ്റു സംഭവങ്ങളിലൊന്നും പരാതിയില്ലാത്തതിനാല്‍ 19കാരിയെ പീഡിപ്പിച്ച കേസില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
നേരത്തെ ഇടനിലക്കാരിയും ടൂറിസ്റ്റ് ഹോം ഉടമയും മയക്കുമരുന്ന് റാകറ്റിലെ പ്രധാന കണ്ണിയുമടക്കം ഏഴ് പേരെയാണ് വനിതാ സെല്‍ അറസ്റ്റ് ചെയ്തത്. ബീഫാത്വിമ കൂടി അറസ്റ്റിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയിട്ടുണ്ട്. 15ലധികം പേര് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ പിടിയിലായ രണ്ട് യുവാക്കള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ളവരാണ്.