മലയാളി സൈനികൻ വൈശാഖിന് സല്യൂട്ട്; കണ്ണീരോടെ യാത്രാമൊഴി ചൊല്ലി ജന്മനാട്
പാലക്കാട്: സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിലേക്ക് നിരവധി പേർ ഒഴുകിയെത്തി. മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
അതിർത്തിയിലെ കാവൽ കുപ്പായത്തിൽ ഇനി വൈശാഖില്ല. ഇന്നലെ രാത്രി ജന്മനാട്ടിൽ എത്തിച്ച മൃതദേഹം 8 മണി വരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. ഒരുനോക്ക് കാണാൻ നടാകെ ഒഴുകിയെത്തി. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. മാത്തൂറുകരുടെ പ്രിയപ്പെട്ട വൈശാഖിന് നിളയുടെ തീരത്ത് അന്ത്യവിശ്രമം.
221 ആർട്ടിലറി രജിമന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ച്ച ഉണ്ടായാ സൈനിക വാഹനാപകടത്തിലാണ് മരിച്ചത്. ഒക്ടോബറിലാണ് അവസാനമായി വൈശാഖ് അവധിക്ക് വന്നത്. ഓണവും മകന്റെ പിറന്നാളും ആഘോഷിച്ച് പോയ ചെങ്ങണിയൂർ കാവിലെ വീട്ടിലേക്ക് അവിചാരതിമയാണ് വൈശാഖിന്റെ വിയോഗ വാർത്ത എത്തിയത്. പുത്തൻ വീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകനാണ് വൈശീഖ്. ഗീത ആണ് ഭാര്യ. തൻവിക് ആണ് മകൻ.
ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മലമുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.