മോദി മമതയ്ക്കും നൽകി പുതുപുത്തൻ വന്ദേ ഭാരത്, പുതിയ കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന് ഡിസംബർ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. തിരക്കേറിയ ഹൗറ-ന്യൂ ജൽപായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സർവീസ് നടത്തുക.സർവീസ് തുടങ്ങുന്നതോടെ വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള കവാടമായ കൊൽക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനാവും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ് ഉണ്ടാവുക. ഏഴരമണിക്കൂർകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലെത്തും, വടക്കൻ ബംഗാൾ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.കേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. തിരക്കേറിയ ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളാണ് പരിഗണനയിൽ. ദക്ഷിണ റെയിൽവേയും ഈ ശുപാർശ നൽകിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന 16 പാസഞ്ചർ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നൽകും. ഓഗസ്റ്റിനകം രാജ്യത്താകെ 75ട്രെയിനുകൾ ഓടിക്കാനുള്ള കേന്ദ്രപദ്ധതിയിലാണ് കേരളം വന്ദേഭാരത് ട്രെയിൻ പ്രതീക്ഷിക്കുന്നത്.വന്ദേഭാരതിനായി തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളുടെ വേഗത 130കിലോമീറ്റർ വരെയായി കൂട്ടും. നിലവിൽ എറണാകുളം-ഷൊർണൂർ 80കി.മീറ്ററും ഷൊർണൂർ-മംഗലാപുരം 110കി.മീറ്ററുമാണ് ശരാശരി വേഗത. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ നിർമ്മിക്കും. ചെന്നൈ-കന്യാകുമാരി വന്ദേഭാരതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടിയേക്കും. ചെന്നൈ, കപൂർത്തല, റായ്ബറേലി കോച്ച് ഫാക്ടറികളിൽ 44 ട്രെയിനുകൾ നിർമ്മാണത്തിലാണ്. മാസം എട്ട് ട്രെയിനുകൾ നിർമ്മിക്കും.