ഭർത്താവും കുഞ്ഞും മരിക്കാതിരിക്കാൻ നഗ്നപൂജ നടത്തണം, സോഷ്യൽ മീഡിയയിലൂടെ ജ്യോതിഷിക്ക് നൽകിയ നഗ്ന ചിത്രങ്ങൾ പല സൈറ്റുകളിലും പ്രചരിക്കുന്നു; പരാതിയുമായി യുവതി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങൾ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജ്യോതിഷിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുടെ നഗ്ന ചിത്രങ്ങൾ തട്ടിയെടുത്തത്. സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി, യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം കുടുംബ പ്രശ്നങ്ങൾ മാറ്റാമെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്.നെയ്യാർ ഡാം സ്വദേശിനിയോട് ഭർത്താവും കുഞ്ഞും മരണപ്പെട്ടുപോകാൻ സാദ്ധ്യതയുണ്ടെന്നും നഗ്നപൂജ നടത്തണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരി നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രതിയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തന്റെ ചിത്രങ്ങൾ പല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.