കരിപ്പൂരിൽ വിദേശ വനിത പീഡനത്തിനിരയായി; കൊറിയൻ യുവതി പീഡനവിവരം വെളിപ്പെടുത്തിയത് മെഡിക്കൽ കോളേജിലെ ഡോക്ടറോട്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ യുവതി പങ്കുവച്ചത്.
ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മതിയായ രേഖകളില്ലാത്തതിന് വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് യുവതിയെ അധികൃതർ പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കേസെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടൊണ് യുവതിയുമായി സംസാരിച്ചത്. ആര് പീഡിപ്പിച്ചുവെന്ന് വ്യക്തമല്ല. പരാതിക്കാരി ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.