തിരുവനന്തപുരം: അച്ഛൻ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരൻ മരിച്ചു. പാലോട് പേരയം കോട്ടവരമ്പ് സന്തോഷ് ഭവനിൽ സന്തോഷ്-ശാരി ദമ്പതിമാരുടെ മകൻ വൈഭവ് ആണ് മരിച്ചത്.ജീപ്പ് ഡ്രൈവറായ സന്തോഷ്, വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ വീട്ടുമുറ്റത്തുനിന്ന് ജീപ്പെടുക്കുമ്പോൾ വൈഭവ് അവിചാരിതമായി പിന്നിൽ വരികയായിരുന്നു. ജീപ്പിന്റെ പിൻഭാഗം ഇടിച്ച് പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈഭവിന്റെ സഹോദരൻ വൈഷ്ണവ് പേരയം ഗവ. യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.