19-കാരിക്ക് ക്രൂരമര്‍ദനം; ബുള്‍ഡോസറുമായി മധ്യപ്രദേശ് സര്‍ക്കാര്‍, പ്രതിയുടെ വീട് ഇടിച്ചുനിരത്തി
ഡ്രൈവറായി ജോലിചെയ്യുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രേവാ സ്വദേശിയായ പങ്കജ് ത്രിപാഠി(24)യുടെ വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഡ്രൈവറായി ജോലിചെയ്യുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പങ്കജ് ത്രിപാഠി 19 വയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ മുഖത്തടിച്ച് മുടിയില്‍ കുത്തിപിടിച്ച് മര്‍ദിക്കുന്നതും പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയുടെ മുഖത്തും തലയിലും നിരന്തരം ചവിട്ടിയ പ്രതി, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബോധരഹിതയായി മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിനുശേഷം നാട്ടില്‍നിന്ന് മുങ്ങിയ പ്രതിയെ ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ വീടിന് നേരേ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ പ്രയോഗം നടത്തിയത്.
തിങ്കളാഴ്ച വന്‍ പോലീസ് സന്നാഹവുമായെത്തിയാണ് വീട് ഇടിച്ചുനിരത്തിയത്. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ നടപടിയെടുക്കാന്‍ വൈകിയതിന് ഒരു പോലീസുകാരനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.