കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ; മൂന്ന് പാക്കറ്റുകൾ ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പത്തൊൻപതുകാരി സ്വർണവുമായി പിടിയിൽ. കാസർകോട് സ്വദേശിനി ഷെഹലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്താണ് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം ദുബായിൽ നിന്ന് കൊണ്ടുവന്നത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ഷെഹല കരിപ്പൂരിൽ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല. പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. യുവതി സ്വർണം കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് പരിശോധിക്കുകയായിരുന്നു.
പൊലീസ് ലഗേജുകൾ പരിശോധിക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും സ്വർണം ലഭിച്ചില്ല. താൻ സ്വർണമൊന്നും കടത്തിയിട്ടില്ലെന്ന് യുവതി പൊലീസിനോട് പറയുകയും ചെയ്തു. തുടർന്ന് ദേഹപരിശോധന നടത്തുകയായിരുന്നു. അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി മിശ്രിത രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
1884 ഗ്രാം സ്വർണമാണ് യുവതി കൊണ്ടുവന്നത്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന എൺപത്തിയാറാമത്തെ സ്വർണക്കടത്ത് കേസാണിത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘവുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്നാണ് സൂചന. സ്വർണം ആരാണ് കൊടുത്തയച്ചതെന്നും ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും സംബന്ധിച്ച് അന്വേഷണം തുടരുന്നു.