നടുറോഡില്‍ അടിപിടി കൂടുന്ന പ്രവാസികളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ അറസ്റ്റ്
മനാമ: ബഹ്റൈനില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ പ്രവാസികള്‍ അറസ്റ്റിലായി. ഒരുകൂട്ടം പ്രവാസികള്‍ അര്‍ദ്ധരാത്രി റോഡില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വീഡിയോയില്‍ കാണുന്ന സംഭവം നടന്നത് സിത്റയിലാണെന്നും ഇവര്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന തര്‍ക്കങ്ങളാണ് സംഭവത്തിന് കാരണമായതെന്നും ക്യാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അറസ്റ്റിലായവര്‍ ഏഷ്യക്കാരായ പ്രവാസികളാണെന്ന വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. എത്ര പേര് പിടിയിലായെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നും വ്യക്തമല്ല. പിടിയിലായ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.