ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ആശുപത്രി ആക്രമിച്ച് ബന്ധുക്കൾ; ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിക്ക്
കൊച്ചി: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ൻ ആശുപത്രിയിൽ സംഘർഷം. യുവതിയുടെ ബന്ധുക്കളാണ് ആശുപത്രി ആക്രമിച്ചത്. സംഭവത്തിൽ ഡോക്ടർക്കും പി ആർ ഒയ്ക്കും അടക്കം നാലുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവമുണ്ടായത്. പേഴയ്ക്കാപിള്ളി സ്വദേശിയായ യുവതിയെ ഇവിടെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് കുഞ്ഞ് മരിച്ചുവെന്ന വിവരമാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധവുമായി എത്തുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതരുമായി വാക്കുതർക്കമുണ്ടാകുകയും അത് ഉന്തിലും തല്ലിലും കലാശിക്കുകയുമായിരുന്നു. ഇതിലാണ് ഡോക്ടർക്കടക്കം പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ, പ്രസവചികിത്സയുടെ ഭാഗമായി സ്കാനിംഗിൽ പ്രശ്നം കണ്ടതിനെ തുടർന്ന് ഗർഭിണിയോട് ഉടൻ അഡ്മിറ്റാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. എന്നാൽ, ഇതിന് കൂട്ടാക്കാതെ യുവതിയുമായി കുടുംബം വീട്ടിലേക്കു പോകുകയായിരുന്നു. പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് തോന്നിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.