ഏറ്റുമാനൂർ ബൈപ്പാസിൽ വാഹനാപകടം; മാണി സി കാപ്പൻ എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു
കോട്ടയം: മാണി സി കാപ്പൻ എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടുപ്പള്ളിൽ രാഹുൽ ജോബി (24) നാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചായിരുന്നു അപകടം.
പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് സാധനങ്ങൾ എടുത്ത് പോകുന്നതിനിടയിലായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ അതുവഴി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രാഹുൽ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.