ലോകകപ്പ് കാലിൽ ഒതുക്കി എയ്ഞ്ചൽ ഡി മരിയ; ടാറ്റൂ ചിത്രം വെെറൽ
ബ്യൂണസ് ഐറീസ്: 36 വർഷത്തിനു ശേഷം ലോകകപ്പ് ജൻമനാട്ടിലേയ്ക്ക് കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് അർജന്റീനിയൻ താരങ്ങൾ. ഇവരുടെ ആഘോഷചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വെെറലാണ്. ഫെെനലിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീനക്കായി തുർച്ചയായ മൂന്നാം ഫെെനലിലാണ് ഡി മരിയ ഗോൾ നേടുന്നത്.ചരിത്ര വിജയത്തിന്റെ ഓർമയ്ക്കായി ലോകകപ്പിന്റെ ടാറ്റൂ കാലിൽ പതിപ്പിക്കുന്ന ഡി മരിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്. വലതു കാലിലാണ് ടാറ്റൂ. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.’ എല്ലാത്തിനും നന്ദി. ഞങ്ങൾ കോപ്പ അമേരിക്ക കളിക്കുമ്പോൾ നിങ്ങൾ ഇത് പറഞ്ഞിരുന്നു. ഈ വലതുകാൽ ഈയൊരു നിമിഷത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. വാമോസ് അർജന്റീന’ എന്ന ആരാധകർക്കുള്ള കുറിപ്പിനോടൊപ്പമാണ് ചിത്രങ്ങൾ ഡി മരിയ പോസ്റ്റ് ചെയ്തത്. കോപ്പ അമേരിക്ക ഫെെനലിൽ ബ്രസീലിനെ 1-0ന് തകർത്തതിനു ശേഷം കോപ്പ ട്രോഫിയുടെ ടാറ്റൂവും ഇടതു കാലിൽ മരിയ പതിപ്പിച്ചിരുന്നു.