ചിലയിടത്ത് കുട്ടികളില്ല, ചിലയിടത്ത് സീറ്റും; ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കാനൊരുങ്ങി വകുപ്പ്
പല സ്കൂളുകളിലും എസ്.എസ്.എൽ.സി. ജയിക്കുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല ഹയർ സെക്കൻഡറി സീറ്റുകളുള്ളത്
കൊല്ലം: ഹയർ സെക്കൻഡറിയിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകൾ പുനഃക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇത് എങ്ങനെ വേണമെന്നതിനെപ്പറ്റി പഠനം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചു. ഏകജാലക പ്രവേശനരീതികളിൽ മാറ്റമാവശ്യമുണ്ടോയെന്നും സമിതി പരിശോധിക്കും. ഹയർ സെക്കൻഡറി മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ ചെയർമാനായാണ് അഞ്ചംഗസമിതി. പുതിയ ബാച്ചുകൾ അനുവദിക്കണമോയെന്നും പുതുതായി ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യണമോയെന്നും ശുപാർശ നൽകാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ ഒന്നാംവർഷ പ്രവേശനനടപടികൾ അവസാനിച്ചപ്പോൾ 71 സർക്കാർ സ്കൂളുകളിലെ 92 ബാച്ചുകളിലും 16 എയ്ഡഡ് സ്കൂളുകളിലെ ഏതാനും ബാച്ചുകളിലും മതിയായ എണ്ണം കുട്ടികളില്ലെന്നു കണ്ടെത്തിയിരുന്നു. 25-ൽ താഴെ വിദ്യാർഥികളുള്ള ബാച്ചുകളാണിവ. എന്നാൽ സംസ്ഥാനത്ത് മറ്റു പലയിടത്തും സീറ്റുകളില്ലാത്തതിനാൽ വിദ്യാർഥികൾ സ്കൂൾ പ്രവേശനത്തിന് പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ട്.
പല സ്കൂളുകളിലും എസ്.എസ്.എൽ.സി. ജയിക്കുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല ഹയർ സെക്കൻഡറി സീറ്റുകളുള്ളത്. അടുത്തവർഷത്തെ ഒന്നാംവർഷ പ്രവേശനം തുടങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങളിൽ ആവശ്യമായ ക്രമീകരണം നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചുവർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാവിജയം, സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള ബോർഡുകളിൽനിന്ന് പ്ലസ്വൺ പ്രവേശനം തേടുന്നവരുടെ എണ്ണം, പ്രവേശനത്തിന്റെ സ്ഥിതിവിവരം എന്നിവ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. വിദ്യാർഥികൾ കുറവുള്ള ബാച്ചുകളിൽ സ്വീകരിക്കേണ്ട നടപടികൾ സമിതി ശുപാർശ ചെയ്യണം. നിലവിലെ കോഴ്സ് കോംബിനേഷനുകളിൽ പ്രാദേശികമായ മാറ്റങ്ങൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം.
ഇതുവരെ തസ്തികനിർണയം നടത്തിയിട്ടില്ലാത്ത ബാച്ചുകളുള്ള സ്കൂളുകളിൽ സ്വീകരിക്കേണ്ട നടപടികളും ശുപാർശ ചെയ്യണം. താത്കാലിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളിലും ബാച്ചുകൾ ട്രാൻസ്ഫർ ചെയ്ത് ലഭിച്ച സ്കൂളുകളിലുമുള്ള അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി പഠിക്കണം. കുട്ടികൾ കുറവുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾ പുനഃക്രമീകരിക്കണോ, പുതിയ ബാച്ചുകൾ അനുവദിക്കണോ, സ്കൂളുകൾ നിർത്തലാക്കണോ എന്നെല്ലാം സമിതി പരിശോധിക്കും. എയ്ഡഡ് സ്കൂളുകളിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകൾ തുടരേണ്ടതുണ്ടോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം.