സിക്കിമിൽ ട്രക്ക് കൊക്കയിൽ വീണ് അപകടം; മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
പാലക്കാട് (മാത്തൂർ): വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂർ ചെങ്ങണിയൂർ പുത്തൻവീട്ടിൽ സഹദേവന്റെ മകൻ വൈശാഖ് (28) ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. മൃതദേഹം നാളെ ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. ഗാംഗ്ടോക്കിൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. നാളെ വൈകിട്ടോടെയായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടക്കുകയെന്നാണ് ബന്ധുക്കൾ അറിയിച്ചത്.മരിച്ചവരിൽ മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും ഉൾപ്പെടുന്നു. പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്.കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റി.2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകൻ: ഒന്നര വയസുളള തൻവിക്. സഹോദരി: ശ്രുതി.