ചേതനയറ്റ് നിദയെത്തി; കണ്ണീരോടെ നാടും വീടും,സ്കൂളില്‍ പൊതുദര്‍ശനം
മരണമടഞ്ഞ സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം ആലപ്പുഴ എസ്.ഡി.വി. ഗവ: യു.പി. സ്കൂളിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്നു
ആലപ്പുഴ: ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി നാഗ്പുരില്‍ മരിച്ച നിദ ഫാത്തിമ(10)യുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. നിദ ഫാത്തിമ പഠിക്കുന്ന സ്കൂളായ ആലപ്പുഴ എസ്.ഡി.വി. ഗവണ്മെന്റ് യു.പി. സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എല്‍.എ. എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 9.45ഓടെ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സംസ്കാര ചടങ്ങുകള്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടി ഇടപെട്ട് നേരത്തെ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് മുമ്പേ തന്നെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
നിദ ഫാത്തിമ വ്യാഴാഴ്ച രാവിലെയാണ് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഓട്ടോറിക്ഷാത്തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളായ നിദ നീര്‍ക്കുന്നം എസ്.ഡി.വി. സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ്.
വെള്ളിയാഴ്ച രാവിലെ 11-നു തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയായി. മൃതദേഹം എംബാം ചെയ്യാന്‍ വീണ്ടും സമയമെടുത്തതിനാല്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ള വിമാനം കിട്ടിയില്ല.
നിദ ഫാത്തിമ ചികിത്സതേടിയ ശ്രീകൃഷ്ണ ആശുപത്രിയില്‍ ചികിത്സാപ്പിഴവുണ്ടായെന്നും സൈക്കിള്‍പോളോ സംഘാടകര്‍ താമസസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നെന്നും പിതാവ് വ്യക്തമാക്കി. നിദയുടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്.
സംഘത്തിലെ 29 പേരും ദോശയാണു കഴിച്ചത്.അതുകൊണ്ട് ഒരാള്‍ക്കുമാത്രം ഭക്ഷ്യവിഷബാധയുണ്ടായെന്ന വാദം കേരളസംഘം അംഗീകരിക്കുന്നില്ല. ആശുപത്രിയില്‍വെച്ച് കുത്തിവെപ്പെടുത്തതിനു ശേഷമാണ് ആരോഗ്യനില വഷളായതെന്ന് പരിശീലകനും ഷിഹാബുദ്ദീന്റെ അടുത്ത സുഹൃത്തുമായ ജിതിന് പറഞ്ഞു. ഖബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാക്കാഴം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
സ്പോര്‍ട്സ് മന്ത്രി നിദയുടെ വീട്ടിലെത്തി
അമ്പലപ്പുഴ: സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന് നിദ ഫാത്തിമയുടെ വീട് സന്ദര്‍ശിച്ചു. വിമാനത്താവളത്തില്‍നിന്ന് മൃതദേഹം അമ്പലപ്പുഴയിലെ വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. നാഗ്പുരിലെ ആശുപത്രിയിലും മൃതദേഹം കൊണ്ടുവരുന്നതിനും വേണ്ടിവരുന്ന ചെലവുകള്‍ വഹിക്കാന്‍ അഞ്ചുലക്ഷം രൂപ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായികമന്ത്രി എന്നിവര്‍ക്ക് മന്ത്രി കത്തയച്ചു.