മാർക്ക് ലിസ്റ്റ് തിരുത്താൻ കൈക്കൂലി; എം ജി സർവകലാശാല വനിതാ അസിസ്റ്റന്റിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: എം ജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റ് തീരുമാനത്തെ തുടർന്നാണ് പ്രൊ വെെസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്. മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയിൽ നിന്നു കെെക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജിലൻസ് എൽസിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എൽസിയെ സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്.എൽസിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അധികാര ദുർവിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എൽസി വിജിലൻസിന്റെ പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.ഇവരുടെ അക്കൗണ്ട് പരിശോധിച്ചതിൽ പലരിൽ നിന്നായി ഗൂഗിൾ പേ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. രണ്ട് വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എം ബി എ മേഴ്സി ചാൻസ് പരീക്ഷയിൽ മാർക്ക് തിരുത്തിയതായി സർവകലാശാല സമിതിയുടെ അന്വേഷണത്തിലും ബോദ്ധ്യപ്പെട്ടിരുന്നു.