തീരാവേദനയായി സൈക്കിൾ പോളോ താരം നിദ ഫാത്തിമ; മൃതദേഹം കൊച്ചിയിലെത്തിച്ചു, സംസ്കാരം ഇന്ന്
കൊച്ചി: നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി.
വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾ നടത്തിയ ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവൺമെന്റ് സ്കൂളില്‍ പൊതുദർശനത്തിന് വയ്ക്കും. പന്ത്രണ്ട് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം.
ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.
നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം.