കെ എസ് ഇ ബിയിൽ നിന്നെന്ന് പറഞ്ഞുള്ള ഈ മെസേജ് നിങ്ങൾക്ക് കിട്ടിയോ? എങ്കിൽ സൂക്ഷിക്കണം, ഗൃഹനാഥന് നഷ്ടമായത് 17,089 രൂപ
ചേലക്കര: കെ.എസ്.ഇ.ബി ജീവനക്കാരനാണെന്ന വ്യാജേന വിളിച്ചയാൾ ബിൽ അടച്ചില്ലെന്ന് പറഞ്ഞ് കസ്റ്റമറെ പറ്റിച്ച് ഓൺലൈൻ വഴി 17089 രൂപ തട്ടിയെടുത്തു. ചേലക്കര കാളിയാ റോഡ് ചീപ്പാറവളപ്പിൽ ബഷീറിനാണ് പണം നഷ്ടമായത്. മകളുടെ കല്യാണത്തിനായി എളനാട് കനറാ ബാങ്കിൽ നിന്നുമെടുത്ത അക്കൗണ്ടിൽ ഇട്ടിരുന്ന ഒരു ലക്ഷം രൂപയിൽ നിന്നുമാണ് പണം കുറഞ്ഞത്.
ബുധനാഴ്ച രാത്രിയാണ് വ്യക്തമല്ലാത്ത മലയാളത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരനാണെന്ന് പറഞ്ഞ് ബഷീറുമായി സംസാരിക്കുന്നത്. അതിനുമുമ്പ് വീട്ടിലെ മറ്റൊരു ഫോണിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പറുൾപ്പെടെ എസ്.എം.എസും വാട്ട്സാപ്പ് മെസേജുമയച്ചിരുന്നു. തുടർന്ന് ബഷീർ ഈ നമ്പറിലേക്ക് വിളിച്ചതിനുശേഷമാണ് പണം നഷ്ടമായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെ പരീക്ഷ നടക്കുന്ന വേളയായതിനാൽ ആശങ്കപ്പെട്ട് എ.ടി.എം കാർഡിലെ നമ്പർ പറഞ്ഞുകൊടുക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ 2 തവണയായി പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുകയായിരുന്നു. 3 ദിവസം മുമ്പ് ഗൂഗിൽപേ വഴി വൈദ്യുതി ബിൽ ബഷീർ അടച്ചിരുന്നു. ഇക്കാര്യം സൂചിപ്പിപ്പോൾ ഓഫീസിൽ ടെക്നിക്കൽ തകരാർ കാരണം ബിൽ അപ്ഡേറ്റായില്ലെന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്. പണം നഷ്ടമായ ഉടനെ തന്നെ ബഷീർ ചേലക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടിരുന്നു.