നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി നിദ ഫാത്തിമ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കാണ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. കൂടാതെ നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്നും ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കേരളം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കത്തിൽ കൂടി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയതായി ആലപ്പുഴ എംപി എഎം ആരിഫ് പറഞ്ഞിരുന്നു.
നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇടത് എംപി എ എം ആരിഫും ബെന്നി ബഹന്നാനുമാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. കേരള സൈക്കിള്‍ പോളോ അസോസിയേഷൻ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ ഒന്നും തന്നെ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് കേരള അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷ ബാധയെ തുടർന്നായിരുന്നു ആലപ്പുഴ സ്വദേശി നിദ ഫാത്തിമ മരിച്ചത്.