ഉക്രെയിനിൽ നിന്ന് വന്നവരോട് റഷ്യക്കാർ പോലും ഈ ക്രൂരത കാട്ടില്ല
കൊല്ലം: യുദ്ധത്തെ തുടർന്ന് ഉക്രെയിനിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും അവിടെ പഠിച്ചതിന്റെ രേഖകളും വാങ്ങി നൽകാൻ ആയിരം മുതൽ ആയിരത്തിയഞ്ഞൂറ് ഡോളർ വരെ ആവശ്യപ്പെട്ട് സ്വകാര്യ കൺസൾട്ടൻസികൾ.
ഉക്രെയിനിൽ ഇന്ത്യൻ എംബസിയുടെ അനാസ്ഥയാണ് കൺസൾട്ടൻസികൾ മുതലെടുക്കുന്നത്. ഉക്രെയിനിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സർവകലാശാല തന്നെ മറ്റ് രാജ്യങ്ങളിലെ കോളേജുകളിലേക്ക് നൽകുന്ന ട്രാൻസ്ഫറും വിദ്യാർത്ഥികൾ സ്വന്തം നിലയിൽ മറ്റ് രാജ്യങ്ങളിലേക്ക് നടത്തുന്ന അക്കാഡമിക് ട്രാൻസ്ക്രിപ്ഷനുമാണ് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്.
സർവകലാശാല തരപ്പെടുത്തി നൽകുന്ന ട്രാൻസ്ഫറുകൾക്ക് വിദ്യാർത്ഥികൾ രേഖകൾ ഹാജരാക്കേണ്ടതില്ല. സർവകലശാല തന്നെ ഇവ കൈമാറും. എന്നാൽ മികച്ച നിലവാരമുള്ളിടത്ത് തന്നെ പഠിക്കാൻ ജോർജ്ജിയ, ഖസാക്കിസ്ഥാൻ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്ക് അക്കാഡമിക് ട്രാൻസ്ക്രിപ്ഷനാണ് ഉക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗവും ശ്രമിക്കുന്നത്. ഈ മാറ്റത്തിൽ വിദ്യാർത്ഥികൾ സ്വന്തം നിലയിൽ രേഖകൾ ഹാജരാക്കണം.
വിവിധ സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കി വിസ വരെ ലഭിച്ചവർക്ക് ഉക്രെയിനിലെ സർവകലാശാലകളിൽ നിന്ന് രേഖകൾ ലഭിച്ചിട്ടില്ല. പ്രവേശന സമയത്ത് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾക്കൊപ്പം അവിടെ ഇതുവരെ പൂർത്തിയാക്കിയ കോഴ്സുകളുടെയും പാസായ പരീക്ഷകളുടെയും വിവരങ്ങൾ അടക്കമുള്ള രേഖകളാണ് നൽകേണ്ടത്. വിദ്യാർത്ഥികൾ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്ന കൺസൾട്ടൻസികൾ കണ്ണിൽചോരയില്ലാതെയാണ് പണം ആവശ്യപ്പെടുന്നത്. കൺസൾട്ടൻസികളെ സഹായിക്കാനാണ് ഉക്രെയിനിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടാതിരിക്കുന്നതെന്നും ആരോപണമുണ്ട്.
നിവേദനം നൽകി
ഇന്ത്യൻ എംബസി വഴി വിദ്യാർത്ഥികളുടെ പഠനരേഖകൾ ലഭ്യമാക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് രക്ഷകർത്താക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർക്ക് നിവേദനം നൽകി.
ഇന്ത്യയിൽ പഠനസൗകര്യം ഒരുക്കണം
ഉക്രെയിനിലേക്ക് മടങ്ങിപ്പോകാനാകാത്ത വിദ്യാർത്ഥി ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർ പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വാദം തുടരുകയാണ്.