പ്രണയം തോന്നിയ യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ പകയായി, നടുറോഡിൽ കുത്തിവീഴ്ത്തി; മരണം ഉറപ്പാക്കിയതിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളൂരു: പ്രണയിക്കുന്ന യുവതിയെ പട്ടാപ്പകൽ കുട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ ദാവണഗെരയിലാണ് അരുംകൊല നടന്നത്.ദാവണഗെര സ്വദേശിയായ സാദത്ത് ആണ് യുവതിയെ കുത്തിക്കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. സുൽത്താനയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും സുൽത്താന അത് നിരസിച്ചിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പക കൂടി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സുൽത്താന. സാദത്ത് റോഡിൽ നിൽക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്നതും തുടർന്ന് പ്രതി പലതവണ യുവതിയെ കുത്തുന്നതുമാണ് വീഡിയോയിലുള്ളത്. കൃത്യം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.