രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ ചുവടുവയ്പ്പ്; മൂക്കിലൊഴിക്കാവുന്ന വാക്സിൻ ഇന്ന് മുതൽ
ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നാസൽ വാക്സിൻ നൽകുന്നത്. ചൊവ്വാഴ്ച മുതൽ രാജ്യത്തെ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നാസൽ വാക്സിന് സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നാസൽ വാക്സിൻ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ കൊവിൻ ആപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും നാസൽ വാക്സിൻ ലഭ്യമാകും.എല്ലാവരും കരുതൽ വാക്സിൻ എടുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കരുതൽ വാക്സിൻ എടുക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.