പാസ്വേഡ് ഷെയറിങ് ഇനി നടക്കില്ല; പുത്തന്‍ നയവുമായി നെറ്റ്ഫ്ളിക്സ്, തുകയും കൂടും
ലോകത്ത് ഏറ്റവുമധികം സബ്സ്ക്രൈബേഴ്സുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ളിക്സ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ളിക്സിനുള്ളത്. കൂടുതല്‍ ആളുകളും നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതിയാണ് കണ്ടുവരുന്നത്.
ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നെറ്റ്ഫ്ളിക്സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അക്കൗണ്ട് പാസ്വേഡ് പങ്കുവെക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ളിക്സ് പൂര്‍ണമായി നിയന്ത്രിച്ചിട്ടില്ല. എന്നാല്‍ ഇതിനായുള്ള വിവിധ മാര്‍ഗങ്ങള്‍ നെറ്റ്ഫ്ളിക്സ് തേടുകയായിരുന്നു.
ഇപ്പോഴിതാ സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ പുതിയ രീതി പ്രാബല്യത്തില്‍ വന്നേക്കും. 2023 ന്റെ തുടക്കത്തില്‍ത്തന്നെ ഇത് സംഭവിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
പാസ്വേഡ് ഷെയറിങ് കൊണ്ടുള്ള പ്രശ്നങ്ങള്‍ ദീര്‍ഘകാലമായി നെറ്റ്ഫ്ളിക്സ് നേരിടുന്നുണ്ട്. സബ്സ്ക്രൈബേഴ്സിനെ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നെറ്റ്ഫ്ളിക്സ് തീരുമാനിച്ചത്. കമ്പനിയുടെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഈ വര്‍ഷമാദ്യം നെറ്റ്ഫ്ളിക്സ് സി.ഇ.ഒ റീഡ് ഹാസ്റ്റിങ്സ് പാസ്വേഡ് ഷെയറിങ്ങില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.
സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്ന വരിക്കാരില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പരീക്ഷിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നു. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിലെ സബ്സ്ക്രൈബര്‍മാരിലാണ് ഈ പരീക്ഷണം നടത്തിയത്.
സബ് അക്കൗണ്ടുകള്‍ എന്നാണ് ഇതിനെ വിളിക്കുക.
പുത്തന്‍ പാസ്വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക.
ഇന്ത്യയില്‍ ഇപ്പോള്‍ നാല് പ്ലാനുകളാണ് നിലവിലുള്ളത്. മൊബൈല്‍ ഒണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 149, 199, 499, 649 രൂപ എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷന് ചാര്‍ജ്.