വൈകിയെങ്കിലും വഴിതെളിഞ്ഞു, ട്രെയിലറുകള്ക്ക് വഴിയൊരുക്കി നാട്ടുകാരും, പുലര്ച്ചെ 2.10ന് ചുരംകടന്നു
റോഡിനുകുറുകെ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനുകൾ തൊഴിലാളികൾ മുളങ്കമ്പുകൊണ്ട് കുത്തി ഉയർത്തിയശേഷമാണ് ട്രെയ്ലറുകൾ യാത്ര തുടർന്നത്
കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ വയനാട് കവാടം കടക്കുന്നു
താമരശ്ശേരി: താമരശ്ശേരി ചുരംവഴിയുള്ള ട്രെയ്ലറുകളുടെ തുടർയാത്ര വിജയം. വെള്ളിയാഴ്ച പുലർച്ചെ 2.10-ഓടെ ഇരുട്രെയ്ലറുകളും ചുരംകയറി.
ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനാൽ വിജനമായിക്കിടന്ന ദേശീയപാതയിലേക്കാണ് വ്യാഴാഴ്ച രാത്രി രണ്ടു ട്രെയ്ലറുകളും പ്രവേശിച്ചത്. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു യാത്രാദൗത്യം. മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ട ട്രെയ്ലറുകളുടെ തുടർയാത്രയ്ക്ക് സാക്ഷ്യംവഹിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ.ടി.ഒ.-ഫോറസ്റ്റ്-പി.ഡബ്ല്യു.ഡി. അധികൃതരുടെ വാഹനങ്ങൾ, ചുരംസംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ട്രെയ്ലറുകൾക്ക് അകമ്പടിയായി.
അടിവാരംമുതൽ ഒന്നാംവളവുവരെയുള്ള ഭാഗത്ത് റോഡിനുകുറുകെ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനുകൾ തൊഴിലാളികൾ മുളങ്കമ്പുകൊണ്ട് കുത്തി ഉയർത്തിയശേഷമാണ് ട്രെയ്ലറുകൾ യാത്ര തുടർന്നത്.
താമരശ്ശേരി തഹസിൽദാർ സി. സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ പോലീസ്, കനലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ, അസി. സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾ, അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രവർത്തകർ തുടങ്ങിയവരെല്ലാം യാത്രാദൗത്യത്തിന്റെ ഭാഗമായി. ആർ.ടി.ഒ. എൻഫോഴ്സ്മെൻറ് അധികൃതർ, പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം, ചുരം സംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ. സുകുമാരൻ തുടങ്ങിയവരും ട്രെയ്ലറുകളുടെ തുടർയാത്രയ്ക്ക് സൗകര്യമൊരുക്കി.
ജില്ലയിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനായുള്ള അനുമതിക്കായി കമ്പനി അധികൃതർ സമീപിച്ചിട്ടില്ലെന്നും എന്നാൽ എന്തെങ്കിലും സാങ്കേതികപ്രയാസങ്ങൾ നേരിട്ടാൽ ജില്ലയിൽ ഈ വാഹനങ്ങൾ നിർത്തിയിടാനാവുന്ന സ്ഥലങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എൻ.ഒ. സിബി പറഞ്ഞു. എൻ.ഒ. സിബിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ കൂറ്റൻയന്ത്രങ്ങൾ കടന്നുപോകുന്നത് പരിശോധിക്കുന്നത്.
‘ആശ്വാസം… വൈകിയെങ്കിലും വഴിതെളിഞ്ഞല്ലോ’
താമരശ്ശേരി: ‘‘ഇവിടെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞില്ലേ സാറേ, ഇപ്പോഴെങ്കിലും ഇതിനൊരു വഴിതെളിഞ്ഞല്ലോയെന്ന ആശ്വാസത്തിലാണ് ഞങ്ങൾ.’’ -വ്യാഴാഴ്ച രാത്രി നഞ്ചൻകോട്ടെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനി പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി പോവാനൊരുങ്ങവേ ട്രെയ്ലർ ലോറി ഡ്രൈവർ പാലക്കാട് മണ്ണൂർ സ്വദേശി സ്വാമിനാഥന്റെ വാക്കുകൾ. ട്രെയ്ലർ ലോറികൾക്കൊപ്പം ആദ്യഘട്ടം മുതൽക്കുള്ള ജീവനക്കാരിൽ ഇദ്ദേഹവും മാനേജർ പ്രഫുൽകുമാറും മാത്രമാണ് മലയാളികളായുള്ളത്. കൂട്ടത്തിൽ ഏറ്റവും വീതി കൂടുതലുള്ള ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ (പതിനേഴര അടി) വഹിക്കുന്ന ഓവർ ഡയമൻഷണൽ മോഡുലാർ ഹൈഡ്രോളിക് ട്രെയ്ലറിന് വളയം പിടിക്കുന്നത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള സ്വാമിനാഥനാണ്.
തമിഴ്നാട് മധുര സ്വദേശിയായ ബാലമുരുകനാണ് രണ്ടാമത്തെ ട്രെയ്ലറിന്റെ സാരഥി. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനുശേഷം തുടർയാത്രയ്ക്ക് കളമൊരുങ്ങിയതിന്റെ ആഹ്ലാദത്തിലാണ് തമിഴ്നാട് സ്വദേശികളായ ഇതര തൊഴിലാളികളും.
യാത്രയ്ക്കിടെ ഒട്ടും പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു ചുരംയാത്രാ വിലക്കും 104 ദിനം നീണ്ട ദീർഘമായ കാത്തിരിപ്പുമെന്ന് സ്വാമിനാഥൻ പറയുന്നു. ഒരു മാസത്തോളം കാത്തിരുന്നിട്ടും യാത്രാ അനുമതി ലഭിക്കാതെ വന്നതോടെ സ്വാമിനാഥൻ ഉൾപ്പെടെയുള്ള മിക്ക തൊഴിലാളികളും ഷിഫ്റ്റ് അടിസ്ഥാനത്തിൽ നാട്ടിൽ പോയി മടങ്ങുകയായിരുന്നു. അടിവാരത്ത് വാഹനങ്ങൾ നിർത്തിയിട്ട് കാത്തിരിപ്പ് തുടർന്ന ആദ്യനാളുകളിൽ വലിയ പ്രയാസമാണ് ഇവർ നേരിട്ടത്. ഇതിനിടെ നിനച്ചിരിക്കാതെ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട ദിവസം പ്രദേശത്തെ വീടുകളിൽ നിന്നുള്ള ഭക്ഷണമാണ് ഈ തൊഴിലാളികളുടെ വിശപ്പടക്കിയത്. വാഹനവ്യൂഹത്തെ അനുഗമിച്ച തൊഴിലാളികളുടെ ബത്ത ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനിക്കുണ്ടായത്.
ഇരു ട്രെയ്ലറുകളും നേരത്തേ നിർത്തിയിടത്തുനിന്ന് അല്പം മാറ്റിയിട്ടശേഷം പ്രവർത്തനക്ഷമത ഉറപ്പാക്കാൻ വ്യാഴാഴ്ച പകൽ മുതൽ അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. മൂന്നുമാസത്തിലേറെയായി നിർത്തിയിട്ടതിനാൽ ഇരുവാഹനങ്ങളുടെയും ബാറ്ററികൾ റീച്ചാർജ് ചെയ്യേണ്ടി വന്നു.