തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ നിന്നും യാത്രികയ്ക്ക് വെടിയുണ്ട ലഭിച്ചു; ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ നിന്നും വെടിയുണ്ട കണ്ടെത്തി. യാത്രക്കാരിയുടെ പക്കൽ ലഭിച്ച വെടിയുണ്ട പൊലീസ് മുഖാന്തരം കോടതിയ്ക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ നിന്നുള്ള ലോ ഫ്ളോർ ബസിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് യാത്രക്കാരിയ്ക്ക് യാദൃശ്ചികമായി വെടിയുണ്ട ലഭിച്ചത്. ബസിൽ സഞ്ചരിക്കവേ സീറ്റിന് അടിയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വെടിയുണ്ട കാലിൽ തടയുകയായിരുന്നു.
ലഭിച്ചത് ഇരുമ്പ്കഷ്ണമാണെന്ന് കരുതിയ യാത്രക്കാരി അത് കണ്ടക്ടറെ ഏൽപ്പിക്കുകയായിരുന്നു. അതേ ബസിലുണ്ടായിരുന്ന പൊലീസുകാരനാണ് വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞത്. കണ്ടക്ടർ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പൊലീസ് എത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം കേന്ദ്ര സേന മുൻ കാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു.
വെടിയുണ്ട ആരെങ്കിലും ഉപേക്ഷിച്ച് പോയതാണോ അതോ കൈമോശം വന്നതാണോ എന്നീ കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.