സൗദിയിലും സ്കൂളിൽ ഹിജാബിന് നിരോധനം, പരീക്ഷയ്ക്ക് സ്കൂൾ യൂണിഫോം ധരിച്ച് വന്നാൽ മതിയെന്ന് സൗദി ഭരണകൂടം
റിയാദ് : മുസ്ലീം വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പുരോഗമനപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സൗദി ഭരണകൂടം, പരീക്ഷാ ഹാളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതും നിരോധിച്ചു. പരീക്ഷയ്ക്കെത്തുന്ന പെൺകുട്ടികൾ ഹിജാബിന് പകരം സ്കൂൾ യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മിഷന്റെ നിർദ്ദേശം. ഇതിന് പുറമേ, സൗദിയിലെ ബീച്ചുകളിൽ ഉൾപ്പെടെ വനിതാ ടൂറിസ്റ്റുകൾക്ക് ഹിജാബ് നിർബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മിഷൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇന്ത്യയിൽ, കർണാടകത്തിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ യാഥാസ്ഥിതിക ആചാരം വെടിയുന്ന തീരുമാനം.
സൗദിയിൽ ഹിജാബ് നേരത്തെ നിയമപരമായി നിർബന്ധമായിരുന്നെങ്കിലും 2018ൽ ഇത് നിർബന്ധമല്ലാതാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളിൽ വനിതകൾ ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കിൽ ഹിജാബ് നിർബന്ധമല്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കായിക മത്സരങ്ങളിൽ പങ്കെടുക്കാനും വാഹനമോടിക്കാനുമുൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾക്കായി സൽമാൻ ഒട്ടേറെ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്.