ന്യൂഡൽഹി: കൊറോണാ വൈറസ് ബാധിച്ച് 200ലധികം പേർ മരിച്ച സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ നിന്ന് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ആദ്യസംഘത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 42 മലയാളികളുമുണ്ട്. കൂടാതെ 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരും തിരിച്ചെത്തിച്ചവരുടെ കൂട്ടത്തിൽ പെടും. 90പേർ സ്ത്രീകളാണ്. 211 വിദ്യാർത്ഥികളും മൂന്നുകുട്ടികളുമാണ് സംഘത്തിലുള്ളത്. തിരിച്ചെത്തിയവരിൽ എട്ട് കുടുംബങ്ങളും ഉൾപ്പെടുന്നു. ഇന്നലെ അർദ്ധരാത്രിക്കുശേഷമാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനിൽനിന്ന് തിരിച്ചത്. മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. അതേസമയം, ഒറ്റ റൂമിനുള്ളിൽ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനിൽനിന്ന് വരുന്ന വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ ആർക്കെങ്കിലും വൈറസ് ബാധ ഉണ്ടായാൽ മറ്റുള്ളവരിലേക്കും വേഗത്തിൽ പടരുമെന്നാണ് ഇവരുടെ ആശങ്ക.