തിരുവനന്തപുരം: രണ്ടാം മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്ബോള്‍ കേരളം ഉറ്റുനോക്കുന്നത് ചില വമ്പന്‍ പദ്ധതികളുടെ ഭാവിയെക്കുറിച്ചാണ്. ഇതില്‍ ആദ്യത്തേത് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ്. കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്ബനിയായ കെ-റെയില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തൃശൂരില്‍നിന്ന് കാസര്‍കോട് വരെയുള്ള ബാക്കി ഭാഗം നിലവിലെ പാതയ്ക്ക് സമാന്തരമായിട്ടും ആയിരിക്കും പാതയുടെ അലൈന്മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത സ്ഥാപിക്കുന്നത്. സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് പ്രീ-ഇന്‍വെസ്റ്റ്്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം കേന്ദ്ര റെയില്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണമെന്നാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം. ദേശീയപാതാ വികസനം വേഗത്തിലാക്കുന്നതിനും കേന്ദ്രം നടപടി സ്വീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് നല്കിയ നിവേദനത്തിലെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റില്‍ ഉള്പ്പെടുത്തുമോയെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. 2018ല്‍ പ്രളയദുരന്തമുണ്ടായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കടമെടുപ്പ് പരിധി ഉയര്‍ത്തുക, റബ്ബറിന്റെ മിനിമം താങ്ങുവില ഉയര്‍ത്തുക, അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ പ്രഖ്യാപിക്കുക, എയിംസ് അനുവദിക്കുക, കൊച്ചിന് ഷിപ്പ്യാര്ഡ്, ഫാക്ട് എന്നിവയില്‍ അധിക നിക്ഷേപം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 2019 ആഗസ്റ്റ്്, സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാകേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 1600 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭ്യമാക്കാന്‍ ബജറ്റില്‍ നടപടിയുണ്ടാകുമോയെന്നും ഇന്നറിയാം.