മുംബൈ: വധുവിനെ കിട്ടാനില്ല, കളക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി യുവാക്കള്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.ആണ്- പെണ് അനുപാതത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടം യുവാക്കളുടെ മാര്‍ച്ച്. ജ്യോതി ക്രാന്തി പരിഷത്ത് ‘ബ്രൈഡ്ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ ജാഥ സംഘടിപ്പിച്ചത്.
ഗര്‍ഭധാരണത്തിനും പ്രസവത്തിനും മുന്‍പ് നടത്തുന്ന ഡയഗ്നോസ്റ്റിക് പരിശോധനകള്‍ (പി സി പി എന്‍ ഡി റ്റി) സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇവര്‍ ജാഥയ്ക്ക് പിന്നാലെ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമര്‍പ്പിച്ചു. ജാഥയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്നും നിവേദനത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹവേഷത്തില്‍ കുതിരപ്പുറത്തിരുന്നു ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ മാര്‍ച്ച്. ആളുകള്‍ പരിസഹിച്ചേക്കാം എന്നാല്‍ സംസ്ഥാനത്തെ വിവാഹപ്രായമെത്തിയ പുരുഷന്മാര്ക്ക് വധുവിനെ കിട്ടാനില്ല എന്നതാണ് യഥാര്‍ത്ഥ്യമെന്ന് ജ്യോതി ക്രാന്തി പരിഷത്തിന്റെ സ്ഥാപകനും ജാഥയുടെ സംഘാടകനുമായ രമേശ് ഭരാസ്കര്‍ പറഞ്ഞു. ആണ്- പെണ് അനുപാതത്തിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ ആണ്- പെണ് അനുപാതം 1000- 889 എന്നിങ്ങനെയാണ്. പെണ് ഭ്രൂണഹത്യയാണ് ഇതിന് കാരണം. സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും രമേശ് ചൂണ്ടിക്കാട്ടി.