തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളും മക്കളും കടന്നത് യെമനിലേക്ക്, തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം, അന്വേഷിക്കാൻ എൻ ഐ എ
തിരുവനന്തപുരം: കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ മലയാളി ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് എൻ ഐ എ അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ട്. ദുബായിൽ താമസിക്കുന്ന ഇവർ യെമനിലേക്ക് കടന്നതായി വ്യക്തമായ വിവരം കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് എൻ ഐ എ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന എന്നിവരും മക്കളുമാണ് യെമനിലേക്ക് കടന്നത്. ഇവർ സൗദി വഴിയാണ് യെമനിൽ എത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർക്കൊപ്പം പടന്നയിൽ നിന്നുള്ള രണ്ട് യുവാക്കളും യെമനിലേക്ക് കടന്നതായി രഹസ്യാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ അഫ്ഗാനിലേക്ക് കടന്നതായും സൂചനയുണ്ട്. ദമ്പതികൾ യെമനിലേക്ക് പോയത് മതപഠനത്തിനെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇവർക്ക് തീവ്രവാദ ബന്ധം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കാർക്ക് യെമനിൽ പോകുന്നതിന് വിലക്കുണ്ട്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കുടുംബത്തിലെ ആറുപേരുൾപ്പെടെ എട്ടുപേരെ കാണാതായ സംഭവത്തിൽ കേന്ദ്ര സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ യെമനിൽ കഴിയുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് വിവരങ്ങൾ അറിയാൻ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെത്തി പ്രാഥമിക നിരീക്ഷണം നടത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.നേരത്തേ മലയാളികളായ ചിലർ ഐസിസിൽ ചേർന്നിരുന്നു. ഇതിൽ ഏഴുപേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്. കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നതാണ്.