സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമ്മൻ യുവതിയെ എ സി കോച്ചിലെത്തിച്ച് പീഡിപ്പിച്ചു; ടി ടി ആർ അറസ്റ്റിൽ
ജയ്പൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടി ടി ഇ) പീഡിപ്പിച്ചതായി പരാതി. ഡിസംബർ 16ന് റെയിൽവേയുടെ ഓൺലൈൻ പോർട്ടലിലാണ് 25കാരിയായ ജർമ്മൻ യുവതി പീഡനപരാതി നൽകിയത്. ജയ്പൂരിൽ നിന്ന് അജ്മീറിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.ഡിസംബർ 13നാണ് സംഭവമുണ്ടായത്. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ സി കോച്ചിൽ സീറ്റ് നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി ടി ടി ഇ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതി റെയിൽവേ ജയ്പൂർ ജി ആർ പിയ്ക്ക് കൈമാറി. തുടർന്ന് ടി ടി ഇ വിശാൽ സിംഗ് ശെഖാവത്തിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം യുവതി മൊഴി നൽകിയിട്ടുണ്ട്.