വെള്ളരിക്കുണ്ട് : ജില്ലയിലെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിയാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമായി വെള്ളരിക്കുണ്ടില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓരോ ഫയലുകള്‍ക്കു പിന്നിലും ഒരു ജീവിതമുണ്ടെന്ന തിരിച്ചറിവാണ് അദാലത്തകള്ക്ക് പിന്നിലെന്നും ജില്ലയില്‍ അദാലത്തുകള്‍ വഴി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും കഴിയുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. താലൂക്ക്തല അദാലത്തിനായി സിവില്‍ സപ്ലൈസ്, പട്ടികജാതി പട്ടിക വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കളക്ടറേറ്റ് സ്റ്റാഫ്, പഞ്ചായത്തുകള്‍, പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ലീഡ് ബാങ്ക്, സാമൂഹ്യനീതി വകുപ്പ്, കൃഷി, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, റവന്യൂ വകുപ്പ്, റവന്യൂ വകുപ്പ്, വില്ലേജ് ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി, താലൂക്ക് ഓഫീസ് അക്ഷയ കേന്ദ്രം എന്നിവയുടെ സ്റ്റാളുകള്‍ അദാലത്തില്‍ ഒരുക്കിയിരുന്നു.
എ.ഡി.എം എന്‍ ദേവി ദാസ്, ഡെപ്യൂട്ടി കളക്ടര്‍ അരുണ്‍ കെ വിജയന് ,എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ കൃഷ്ണദേവ്,വെള്ളരിക്കുണ്ട് താലൂക്ക് തഹസീല്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്, അഡീഷണല്‍ തഹസീല്‍ദാര്‍ എന്‍ ഭാസ്കരന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
വെള്ളരിക്കുണ്ട് വീനെസ് ഓഡിറ്റോറിയത്തില്‍ നടന്ന പരാതിപരിഹാര അദാലത്തില്‍ 367 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 291 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചതാണ്. ഗോത്രവര്‍ഗ്ഗ ജനത കൂടുതലുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ,കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍നിന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ വിവിധ ആവശ്യങ്ങളുമായി സമീപിച്ചത്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ സ്ഥലം അനുവദിക്കുക, വീട് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുക, പുതിയ വീട് അനുവദിക്കുക, കുടിവെള്ള സംവിധാനവും റോഡും മെച്ചപ്പെടുത്തുക, കടം എഴുതിത്തള്ളുക തുടങ്ങിയ വിവിധങ്ങളായ അപേക്ഷകളാണ് കളക്ടര്‍ക്കുമുന്നില്‍ നിരത്തിയത്. നിയമപരമായി പരിഹരിക്കാന്‍ കഴിയുന്ന നിവേദനങ്ങളില്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. നേരത്തെ ഓണ്‍ലൈനായിലഭിച്ച പരാതികളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആക്ഷേപമുള്ളവര്‍ സമീപിച്ചപ്പോള്‍ പരിശോധിച്ച് അടിയന്തര നടപടിയെടുക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരോട് കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ജില്ലാകലക്ടര്‍ പരിഗണിച്ചത്. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനും സര്‍വ്വേ നമ്പര്‍ കൃത്യമായി നല്‍കുന്നതിനും ലഭിച്ച പരാതികളില്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കരം അടക്കാന്‍ നല്‍കുന്നതിനും പട്ടയം അനുവദിക്കുന്നതിനും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. റേഷന്‍ കാര്‍ഡില്‍ മേലുള്ള പരാതികള്‍ സ്വീകരിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദാലത്തില്‍ നേരിട്ട് ലഭിച്ച അത്തരം അപേക്ഷകള്‍ കളക്ടര്‍ പരിഗണിക്കുകയും താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസറോട് അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഭൂമി പ്രശ്നത്തില്‍ കണ്ണീരുമായി എത്തിയ നിരവധി ഭൂവുടമകള്‍ക്ക് കലക്ടറുടെ നടപടികള്‍ സാന്ത്വനമായി. ബളാല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പാത്തിക്കര കോളനിവാസികളായ 31 കുടുംബങ്ങള്‍ നല്കിയ നിവേദനം പരിഗണിച്ച് ഈ വര്‍ഷം പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ റോഡ് നിര്‍മിച്ചു നല്കാന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
44 വര്‍ഷത്തിനു ശേഷം കുഞ്ഞിക്കണ്ണന് പട്ടയം കിട്ടി
വെള്ളരിക്കുണ്ട് താലൂക്കിലെ പരാതിപരിഹാര അദാലത്തില്‍ എത്തിയ അടുക്കത്തെ ആല്ത്തടിവട്ടിക്കണ്ടത്തെ കുഞ്ഞിക്കണ്ണന് 44 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 1976 സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോടോം വില്ലേജില്‍ ലഭിച്ച അരയേക്കര്‍ മിച്ചഭൂമി പതിച്ച് കിട്ടാന്‍ കുഞ്ഞിക്കണ്ണന് സമീപിക്കാത്ത ഉദ്യോഗസ്ഥരില്ല. എന്നാല്‍ നടപടിയുണ്ടായില്ല. താലൂക്കില്‍ സങ്കടവുമായി എത്തിയ കുഞ്ഞിക്കണ്ണന് കളക്ടര്‍ ഡോ ഡി സജിത് ബാബു ആശ്വാസമായി. ഒരാഴ്ചയ്ക്കുള്ളില്‍ അളന്ന് പതിച്ച് നല്‍കണമെന്ന് താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ കളക്ടര്‍ ഉത്തരവിട്ടു. വില്ലേജ് ഓഫീസര്‍ അടങ്ങുന്ന സ്പെഷ്യല്‍ സംഘത്തെ ഇതിനായി നിയോഗിക്കണമെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മിച്ചഭൂമി ലഭിക്കാനുള്ള ഉത്തരവ് വന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട നടപടി ആരംഭിക്കുന്ന കാലത്താണ് കുഞ്ഞിക്കണ്ണന് വീണ് കിടപ്പിലാകുന്നത്. വീഴ്ചയില്‍ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റു. കൂടാതെ വയറിന് വലിയൊരു ഓപ്പറേഷനും കഴിഞ്ഞ ഇദ്ദേഹത്തിന് കിട്ടിയ ഭൂമിയുടെ ആധാരം ഇവരുടെ കൈവശമുണ്ടായിട്ടും തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനായില്ല. താമസിച്ചിരുന്ന വീടും തകര്‍ന്നതോടെ താല്കാലികമായി നിര്‍മ്മിച്ച ചാപ്പയിലാണ് കുഞ്ഞിക്കണ്ണനും കുടുംബവും വര്‍ഷങ്ങളായി കഴിയുന്നത്. ഭാര്യ കമ്മാത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു രണ്ട് പെണ്മക്കളും ഒരു മകനുമാണുള്ളത്. മകളായ പൂമണിക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.