പഠാന് വിവാദം; ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന് വിവാദ സന്യാസി
മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തുന്ന പഠാന് സിനിമയിലെ ‘ബേഷരം രംഗ്’ ഗാനത്തെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു.
ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയിരിക്കുകയാണ് അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി. ഇയാള്‍ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
‘ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന് എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കുമെന്നാണ് പരമഹന്‍സ് പറയുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തീരുമാനം പിന്‍വലിച്ചു
പഠാന് റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമന്‍ ഗാര്‍ഹിയിലെ പുരോഹിതന് മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാന്‍ ശ്രമിക്കുന്നു. ദീപിക പദുക്കോണ്‍ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്കരിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുക, അല്ലാത്തപക്ഷം അവര്‍ക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണമെന്നാണ് ഇയാള്‍ പറഞ്ഞത്.
അതേ സമയം നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന പേരില്‍ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പഠാന്. സിദ്ധാര്‍ഥ് ആനന്ദാണ് പഠാന് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.