ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം
ചൈന സംഘര്‍ഷത്തില്‍ സ്വരം കടുപ്പിച്ച് പ്രതിപക്ഷം. അതിര്‍ത്തിയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നും ചര്‍ച്ച വേണ്ടെന്ന ദുശ്ശാഠ്യമാണ് കേന്ദ്രസര്‍ക്കാരിനെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് ലംഘിക്കപ്പെട്ടുവെന്ന് സോണിയ കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ സ്ഥിതി പാര്‍ലമെന്റ് അറിയുന്നില്ല. സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
സൈന്യത്തെയല്ല, സര്‍ക്കാരിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ത്യയ്ക്ക് യുഎന്‍ സ്ഥിരാംഗത്വം നഷ്ടമായത് അടക്കം നെഹ്റുവിന്റെ കാലത്തെ വീഴ്ചകള്‍ കോണ്‍ഗ്രസ് മനസിലാക്കണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി തിരിച്ചടിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ തടസപ്പെട്ടു.